(ഡിസംബര്‍ 7 നു മറ്റൊരു ബ്ലോഗില്‍ ഇട്ട കഥയാണ്. ബ്ലോഗ് എല്ലാം ഒന്നു ശരിയാക്കി എടുക്കുകയാണ്. വായിച്ചവരും, കമന്ടിട്ട ശ്രീ, പ്രിയ, മന്‍സൂര്‍, വഴിപോക്കന്‍, ഗീത ഗീതിക്കല്‍, കാനന വാസന്‍ എന്നിവരും ക്ഷമിക്കുക........) _________________________ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കറുത്ത ടാക്സിയില്‍ കയറുമ്പോള്‍ എത്രയും പെട്ടന്ന് റൂമില്‍ എത്തിയാല്‍ മതിയെന്നായിരുന്നു അയാളുടെ ചിന്ത. ട്രാഫിക് ലൈറ്റുകള്‍ താണ്ടി ടൌണിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ തന്‍റെ യാത്ര അനന്തമായ് നീളുന്നതായി അയാള്‍ക്ക് തോന്നി. ജോലിക്ക് വേണ്ടി നാട്ടില്‍ നിന്നും കൂടു മാറാന്‍ തീരുമാനിച്ചപോള്‍ തന്‍റെ പ്രണയിനിയെപ്പിരിഞ്ഞുനില്‍ക്കുന്നതിന്‍റെ വേദന ഇത്രയും വലുതാകുമെന്ന് അയാള്‍ കരുതിയിരുന്നില്ല. എങ്കിലും നാട്ടില്‍ ജോലി തെണ്ടി നടക്കുന്നതിനെക്കാളും, ബന്ധുക്കളുടെയും നാട്ടുകാരുടെയും ദുഷിച്ച 'സിമ്പതി' കലര്‍ന്ന നോട്ടം സഹിക്കുന്നതിനെക്കാളും, അല്പം വിഷമിച്ചാലും, ഇതു തന്നെയാണ് നല്ലതെന്ന് അയാള്‍ ഓര്‍ത്തു. എന്തായിരിക്കും അവള്‍ തന്നെ പാര്‍ക്കില്‍ വച്ചു കാണണമെന്ന് പറഞ്ഞത്? കാറിലിരുന്ന് അയാള്‍ ചിന്തിച്ചു. സാധാരണ കോഫീ ഹൌസില്‍ വച്ചാണ് സംഗമം. അവിടുത്തെ ക...