ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍
കേരളത്തില്‍ നിന്നും മാറി താമസിക്കാന്‍ തുടങ്ങിയത് 1992 മുതല്‍ ആണ്. അതിനിടെ ഒരു മൂന്നു കൊല്ലം (1998 -2001 ) വീണ്ടും കേരളത്തില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരം ലഭിച്ചു. പിന്നീട് ഡല്‍ഹിയിലും ബെയ്ജിങ്ങിലും ഇപ്പോള്‍ ജനീവയിലും പ്രവാസിയായി കഴിയുന്നെങ്കിലും കേരളത്തിലെ എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും മറ്റും അറിയുകയും, എല്ലാ വര്‍ഷവും കഴിവതും 3-4 ആഴ്ച നാട്ടില്‍ നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു കൊല്ലമായി നാട്ടില്‍ പോയിരുന്നില്ല. അതിനാല്‍ തന്നെ നാട്ടില്‍ കഴിഞ്ഞ ഓഗസ്റ്റ് മൂന്നു മുതല്‍ അഞ്ചാഴ്ച്ച എത്തിയപ്പോള്‍ ഏറെ പുതുമകളും ചില പഴമകളും കണ്ണില്‍പെട്ടു. ചിലത് ഇവിടെ കുറിക്കുന്നു. ******** പുരുഷത്വം "നിന്നെ കെട്ടിയത് ഞാന്‍ പറയുന്നത് അനുസരിക്കാനാണ്. എനിക്ക് നിന്നെ വരച്ച വരയില്‍ നിര്‍ത്താന്‍ അറിയാം." " പെണ്ണുങ്ങളല്ല ഇതൊന്നും തീരുമാനിക്കുന്നത്. ഞാനും ചേട്ടനും അച്ഛനും ഉള്ളപ്പോള്‍ നീ എന്തിനാ കാറിനു കൂലി കൊടുത്തത്?" കയ്യില്‍ ചില്ലറ ഉള്ളതിനാല്‍ ഭാര്യ കാറ് കൂലി കൊടുത്തത് ഇഷ്ടപ്പെടാത്ത ഭര്‍ത്താവ്. ദുഫായിയില്‍ ജോലിയുള്ള വിദ്യാ സമ്പന്നനായ ചെറുപ്പ...